2013 ജൂൺ 15, ശനിയാഴ്‌ച

യുദ്ധങ്ങള്‍ വഴിയുള്ള മരണം പുകയിലകാരണമുള്ള മരണത്തെക്കാള്‍ കുറവ്. വര്‍ഷംതോറും അരക്കോടിയിലധികം മനുഷ്യരാണ് പുകവലിയാല്‍ അകാലമരണം പ്രാപിക്കുന്നത്. ലോകത്ത് ഏറ്റവുമേറെ രോഗങ്ങള്‍ക്കും ദുരന്തമരണങ്ങള്‍ക്കും കാരണമാക്കുന്ന ഹേതുവാണ് പുകയില. പുകവലിക്കുന്നവര്‍ പ്രിയപ്പെട്ടവര്‍ക്കും വിപത്ത് വിതക്കുന്നു. പിറക്കാനിരിക്കുന്ന കുഞ്ഞിന് അപായകരമായിത്തീരുന്നു. പുകയിലകൃഷി പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ക്കും കാരണമാക്കുന്നു. വനനശീകരണ ഹേതുക്കളിലൊന്നാണ് പുകയിലകൃഷി. മണ്ണിന്‍െറ ഫലഭൂയിഷ്ഠത കുറക്കുന്നു. രാസവളപ്രയോഗങ്ങള്‍ മലിനീകരണത്തിന് കാരണമായി മാറുന്നു. പുകയിലയാല്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ചെലവഴിക്കുന്നത് പുകയിലയില്‍നിന്നുള്ള നികുതിവരുമാനത്തേക്കാള്‍ പതിന്മടങ്ങാണ്. ഒരു ദേശത്തിന്‍െറ ആരോഗ്യം കൊള്ളയടിക്കുന്ന വിഷവസ്തുവായി പുകയില പരിണമിച്ചിരിക്കുന്നു. പുകയിലക്കും പുകരഹിത പുകയില ഉല്‍പന്നങ്ങളായ പാന്‍മസാല, മുറുക്ക് എന്നിവക്കും കീഴടങ്ങിയവര്‍ക്ക് പുതുജീവിതത്തിലേക്ക് നീങ്ങാന്‍ മാര്‍ഗങ്ങളുണ്ട്. 1. പുകയില ഉല്‍പന്നങ്ങള്‍ക്ക് കീഴ്പ്പെട്ടവര്‍ അതിന്‍െറ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കുക. തീരുമാനമെടുത്ത ദിനംതന്നെ അതു പ്രാവര്‍ത്തികമാക്കിത്തുടങ്ങുക. 2. പുകവലിയോടോ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനോടോ ബന്ധപ്പെട്ട ഘടകങ്ങള്‍ വീട്ടില്‍നിന്നും ജോലിസ്ഥലത്തുനിന്നും എടുത്തുമാറ്റുക. തീപ്പെട്ടി, ലൈറ്റര്‍, ആഷ്ട്രെ തുടങ്ങിയവ നശിപ്പിക്കുക. 3. പുകയില ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ ജോലിസ്ഥലത്ത് എഴുതിവെക്കുക. പുകയിലയാലുള്ള ദ്രോഹവശങ്ങളും ഉപദ്രവകരമായ സ്വാനുഭവങ്ങളും ഡയറിയില്‍ എഴുതുക. അവ വായിക്കുക. 4. പുകയില ഉല്‍പന്നങ്ങള്‍ നിര്‍ത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള പിന്മാറ്റ അസ്വാസ്ഥ്യങ്ങളെക്കുറിച്ച് മനസ്സിലാക്കുക. ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായത്തോടെ മുന്‍കരുതലെടുക്കുക. 5. പുകവലിക്കാന്‍ തോന്നുമ്പോള്‍ ഏലക്ക, കടല, നെല്ലിക്ക എന്നിവ മാറിമാറി ഉപയോഗിക്കുക. ധാരാളം വെള്ളംകുടിക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ആഹാരം കഴിഞ്ഞാലുടനെ വായ ശുചിയാക്കുന്നത് നല്ലതാണ്. 10 മിനിറ്റ് നടക്കുക. 6. കഴിയുന്നതും പുകവലിക്കാത്തവരോടൊപ്പം സമയം ചെലവഴിക്കുക. കൂടെയുള്ളവര്‍ പുകവലി തുടങ്ങിയാല്‍ അവിടെനിന്ന് മാറുക. ‘ഞാനിന്ന് പുകവലിക്കുന്നില്ല’ എന്നതിലപ്പുറം വാദപ്രതിവാദത്തിന് മുതിരേണ്ടതില്ല. 7. പുകവലി ഉപേക്ഷിച്ചാല്‍ ഉറക്കമുണര്‍ന്ന ഉടനെ ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. പകല്‍ കഴിയാവുന്നത്ര വെള്ളം കുടിക്കുക. 8. മറ്റേത് ലഹരിപദാര്‍ഥങ്ങളും പുകവലിയെ ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക. സംഘംചേര്‍ന്നുള്ള മദ്യപാനം (Social Drinking) പുകവലിക്ക് കീഴ്പ്പെടാനുള്ള സാധ്യത കൂട്ടുന്നു. 9. പുകയില ഉപേക്ഷിച്ചാല്‍ വെറുതെയിരിക്കുന്നത് ഒഴിവാക്കുക. ഗുണപ്രദമായ ചെറിയ പ്രവൃത്തികളില്‍ മുഴുകുക, പാട്ട് കേള്‍ക്കുക, കത്തെഴുതുക, തോട്ടപ്പണയിലേര്‍പ്പെടുക തുടങ്ങിയവയില്‍ ഇഷ്ടാനുസരണം ഒന്നോ രണ്ടോ പ്രവൃത്തികളില്‍ ഏര്‍പ്പെടുക. സര്‍ഗാത്മകപ്രവൃത്തികളില്‍ അഭിരുചിയുള്ളവര്‍ വായന, ചിത്രരചന, സാഹിത്യരചന, സംഗീതം തുടങ്ങിയവയില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക. രചനയില്‍ ഏര്‍പ്പെടുക. 10. വരുംദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിച്ച്, ചിട്ടപ്പെടുത്തുക.